സര്‍ക്കാരിന് തിരിച്ചടി; സമരം ചെയ്തവര്‍ക്ക് ശമ്പളം നല്‍കേണ്ടന്ന് ഹൈക്കോടതി

ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് നടപടി.
സര്‍ക്കാരിന് തിരിച്ചടി; സമരം ചെയ്തവര്‍ക്ക് ശമ്പളം നല്‍കേണ്ടന്ന് ഹൈക്കോടതി

കൊച്ചി: സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടന്ന് ഹൈക്കോടതി. ഇതോടെ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനാണ് തിരിച്ചടിയായത്. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

2019 ജനുവരി 8, 9 തീയതികളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് നടപടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com