കാണാതായ ഗണ്‍മാനെ അവശനിലയില്‍ കണ്ടെത്തി
Kerala

കാണാതായ ഗണ്‍മാനെ അവശനിലയില്‍ കണ്ടെത്തി

കയ്യിൽ മുറിവേറ്റ ജയഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

By News Desk

Published on :

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കാണാതായ യുഎഇ കോണ്‍സുലേറ്റ് ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. കയ്യിൽ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്. കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിക്ക് ആഴത്തിലുള്ളതല്ല. അതെസമയം, ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് വ്യക്തമാക്കുകയും ചെയ്തു.

തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയഘോഷ് മൂന്നു വർഷമായി യുഎഇ കോൺസുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ജയഘോഷ് ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറില്‍ ജോലി ചെയ്തിട്ടുള്ള ജയഘോഷിന് നേരെ ചിലര്‍ ഭീഷണി ഉയര്‍ത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇയാളുടെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.

Anweshanam
www.anweshanam.com