അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും മങ്ങുന്ന ഇടതു നയങ്ങളും
Kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും മങ്ങുന്ന ഇടതു നയങ്ങളും

പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പും വൈദ്യുതി രംഗത്തെ സാധ്യതകളും തമ്മിലുള്ള പിടിവലിയുടെ കഥയാണ് അതിരപ്പിള്ളിക്ക് പറയാനുള്ളത്.

Harishma Vatakkinakath

Harishma Vatakkinakath

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനായി സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ എന്‍ഒസി അനുവദിച്ചത് ചൂടിപിടിച്ച ചര്‍ച്ചയാവുകയാണ്. എല്ലാ അനുമതിയും ലഭിച്ചശേഷം പദ്ധതി പൂർത്തിയാക്കാനുള്ള സാവകാശം കണക്കിലെടുത്ത് ഏഴുവർഷമാണ് എൻ.ഒ.സി. കാലാവധി അനുവദിച്ചിരിക്കുന്നത്. 163 മെഗാവാട്ട് വൈദ്യതി ഉത്‌പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതിയും സാങ്കേതിക-സാമ്പത്തിക അനുമതികളും കാലഹരണപ്പെട്ടിരുന്നു. വർഷങ്ങളായി കേരളം ഭരിച്ചിരുന്ന എല്ലാ സർക്കാരും നടപ്പാക്കാൻ നോക്കിയ പദ്ധതിക്ക് സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഒരു നീണ്ട ചരിത്രമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പും വൈദ്യുതി രംഗത്തെ സാധ്യതകളും തമ്മിലുള്ള പിടിവലിയാണ് അത് മുന്നോട്ടുവെക്കുന്നത്.

പദ്ധതിയുടെ നാള്‍വഴികള്‍

1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയില്‍ വരുന്നത്. 1500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 212 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ട പദ്ധതിയായി 1982 ലാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്. 1989ല്‍ പദ്ധതിക്കുള്ള അനുമതി ലഭിച്ചു.എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.

പിന്നീട് 98 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ടി.ബി.ജി.ആര്‍.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ 2001 ല്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടു.

2005 ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. 2007ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. 2010 ല്‍ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പദ്ധതി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് വന്ന ഗാഡ്ഗില്‍ കമ്മിറ്റിയും എതിരായ നിലപാടെടുത്തു. തുടര്‍ന്ന് 2015ല്‍ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു.

ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റര്‍ കിഴക്ക്, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലായാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് ഇതിനായി നിര്‍മ്മിക്കുക. ഇവിടെനിന്ന് നാലര കിലോമീറ്റര്‍ നീളവും 6.4 മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കും. 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ കൂടി സ്ഥാപിച്ച് മൊത്തം 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഈ രണ്ട് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിര്‍ത്താമെന്നതാണ് കെ.എസ്.ഇ.ബി.യുടെ വാദം.

ആശങ്കകള്‍

പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള 140 ഹെക്ടർ വനഭൂമി നഷ്ടപ്പെടും, അപൂർവ്വ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം, വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ നാശം, കേരളത്തിലവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളിൽ 28.4 ഹെക്ടർ മുങ്ങിപ്പോകും, പറമ്പിക്കുളത്തിനും പൂയംകുട്ടിയ്ക്കുമിടയിലുള്ള ആനത്താരയുടെ ഭാഗം വെള്ളത്തിനടിയിലാകും തുടങ്ങി പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു പിന്നാലെ ആശങ്കകള്‍ ഏറെയാണ്.

കൂടാതെ കാടര്‍ വിഭാഗത്തിലെ രണ്ട് ആദിവാസികള്‍ കോളനികളിലെ 80-ഓളം കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും. പദ്ധതി ഇവരെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന ആദിവാസി പുനരധിവാസ കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലില്‍ ആകെ ഉള്ള മലമുഴക്കി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, കോഴി വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ തുടങ്ങി നാല് ഇനങ്ങളേയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശത്താണ് പദ്ധതി വരുന്നത്. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും ഇവയെ ഒരുമിച്ച് കാണാം എന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. വേഴാമ്പലുകളെ ഒഴിപ്പിച്ച് പദ്ധതി നടപ്പിലാക്കാനും ഒരു വിദഗ്ധ സമിതി പറഞ്ഞിരുന്നു.

ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെപ്പറ്റിയുള്ള കെഎസ്.ഇ.ബി. കണക്കുകളിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടികാണിക്കുന്നു. പെരിങ്ങല്‍ക്കുത്ത് ഡാം നിറയുമ്പോള്‍ വാച്ചുമരത്തുള്ള കനാല്‍ വഴി ഇടമലയാര്‍ ഡാമിലേക്ക് ജൂണ്‍ മുതല്‍ നവംബര്‍ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമൊഴുകുമെന്നാണ് കണക്ക്. വേനല്‍ക്കാലത്തെ പെരിയാറിലെ ജല ലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

അതിരപ്പള്ളി പദ്ധതി വന്നാല്‍ ഇടമലയാര്‍ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോള്‍ ഇടമലയാറില്‍ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകും ഈ കണക്കുകള്‍ കെ.എസ്.ഇ.ബി. യുടെ പഠനങ്ങളിലില്ല. രണ്ട് ജല വൈദ്യുത പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമിറ്റര്‍ ദൂരം വേണം തുടങ്ങി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകളും പദ്ധതിക്ക് തടസ്സമാകും.

പദ്ധതി നടപ്പിലാക്കിയാല്‍ ഇരുന്നൂറിലേറെ ഹെക്ടര്‍ വനമാണ് ഇല്ലാതാകുക. നശിക്കുന്ന ജൈവ സമ്പത്തിന്റെ കണക്കെടുക്കാന്‍ പോലുമാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതിരപ്പിള്ളി,വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഭാവിയും പരുങ്ങലിലാകും. ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിക്കും. ജല ലഭ്യത കുറയും.

വിമര്‍ശിക്കപ്പെടുന്ന ഇടതു നയം

അതിരപ്പിള്ളി പദ്ധതിക്ക് പച്ചക്കൊടി കാട്ടിക്കൊണ്ടുള്ള ഇടതു സര്‍ക്കാരിന്‍റെ നയം വിമര്‍ശിച്ചുകൊണ്ട് ഭരണകക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. ‘പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു. ഇത് എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്’, സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സി.പി.ഐയുടെ യുവജനസംഘടന എ.ഐ.വൈ.എഫാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.

അതേസമയം നിലവിലെ തീരുമാനം മാറ്റേണ്ടി വരുമെന്നും ഇടതുപക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നുമായിരുന്നു സി.പി.ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പ്രതികരിച്ചത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെന്ന് 2018ല്‍ വൈദ്യുത മന്ത്രി എം.എം മണി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് എല്‍.ഡി.എഫിന്റെ സംയുക്തമായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ യുഡിഎഫ് ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ജനവഞ്ചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

രാജ്യത്തെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ 2019 മേയ് 29-നു ചേര്‍ന്ന അതോറിറ്റി യോഗത്തിലാണ് സംസ്ഥാനസര്‍ക്കാരിന്റെ എന്‍.ഒ.സി. വേണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 30-നുതന്നെ എന്‍.ഒ.സി. ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ സമീപിച്ചെങ്കിലും വിവാദം കാരണം തീരുമാനം വൈകുകയായിരുന്നു. ജൂണ്‍ ഒന്നിന് പ്രശ്നം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എന്‍.ഒ.സി. നല്‍കിയത്.

അനുദിനമെന്നോണം ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും ജൈവമണ്ഡലത്തിലെ മാറ്റങ്ങളെ നിരന്തരനിരീക്ഷണങ്ങൾക്കു വിധേയമാക്കികൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളിൽനിന്ന് ഒളിച്ചോട്ടം സാധ്യമല്ലെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുകയാണ്. മനുഷ്യസമൂഹം ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിട്ടുകയാണെന്ന വാദത്തിന് അടിസ്ഥാനം ശാസ്തീയ നിരീക്ഷണപരീക്ഷണങ്ങളും കണക്കുകളും അനുമാനങ്ങളും ആണെങ്കിലും അതൊക്കെയും കുറെ നിറം പിടിപ്പിച്ച നുണകൾ മാത്രമാണ് എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രബലവിഭാഗം നിലനിൽക്കുന്നുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള പാഠങ്ങളായിരുന്നു രണ്ടു തവണ കേരളക്കരയെ ഞെട്ടിച്ച പ്രളയങ്ങള്‍ നല്‍കിയത് . എന്നാല്‍ അതില്‍ നിന്ന് നാമെന്ത് പഠിച്ചു? അവശേഷിക്കുന്നത് ഈ ചോദ്യം മാത്രം.

Anweshanam
www.anweshanam.com