തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച; നഷ്ടമായത് ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം
Kerala

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച; നഷ്ടമായത് ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം

മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്.

News Desk

News Desk

തൃശൂർ:കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്.

ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്.

ഇന്നലെ രാത്രി 9 മണിക്ക് ജ്വല്ലറി പൂട്ടി ഇരുവരും പോയിരുന്നു.മോഷണം നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് മുളക് പൊടി വിതറിയിട്ടുണ്ട്. ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Anweshanam
www.anweshanam.com