
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ജയിലില്‍ നിന്നാണ് സന്ദീപിനെ കോടതിയില്‍ എത്തിച്ചത്.
നേരത്തെ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് സന്ദീപ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്താന്‍ ആലുവ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണ്ണക്കടത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന പ്രതിയാണിയാള്‍. കള്ളക്കടത്ത് കേസില്‍ തനിക്കെതിരായ തെളിവുകളാകും താന്‍ പറയുന്ന കാര്യങ്ങള്‍ എന്ന് അറിഞ്ഞ് കൊണ്ടാണ് എല്ലാം പറയാന്‍ തയ്യാറാകുന്നതെന്ന് സന്ദീപ് കോടതിയെ അറയിച്ചിരുന്നു.