സന്ദീപ് ബിജെപി കൗൺസിലറുടെ ഡ്രൈവർ; സിപിഎമ്മുമായി ബന്ധമില്ലെന്ന് അമ്മ; ആദ്യം പറഞ്ഞത്​ തിരുത്തി
Kerala

സന്ദീപ് ബിജെപി കൗൺസിലറുടെ ഡ്രൈവർ; സിപിഎമ്മുമായി ബന്ധമില്ലെന്ന് അമ്മ; ആദ്യം പറഞ്ഞത്​ തിരുത്തി

സന്ദീപ് ബിജെപി കൗൺസിലറുടെ ഡ്രൈവർ; സിപിഎമ്മുമായി ബന്ധമില്ലെന്ന് അമ്മ; ആദ്യം പറഞ്ഞത്​ തിരുത്തി

By News Desk

Published on :

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ക്കഴിയുന്ന സന്ദീപ് നായര്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെയെന്നും സന്ദീപിന്റെ അമ്മ. മകന്‍ സന്ദീപ് സി.പി.എം പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടില്ല. താൻ സിപിഎം പ്രവർത്തകയാണെന്നാണ് പറയാനുദ്ദേശിച്ചതെന്നും അമ്മ ഉഷ വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദീപിന് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പ്രചരണത്തിനും പോകാറുണ്ടായിരുന്നു. ബി.ജെ.പിക്ക് വേണ്ടി മരിച്ച്‌ കിടന്ന് പണി ചെയ്യും. അവന്‍ വോട്ട് കൊടുക്കുന്നതും ബി.ജെ.പിക്കാണെന്നും ഉഷ പറഞ്ഞു.

ഉഷയുടെ വാക്കുകൾ ഇങ്ങനെയാണ്:

''അവന് ഒരു പാർട്ടിയുമായും ഒരു ബന്ധവും ഇല്ല. സിപിഎമ്മുമായി ഇത്തിരി ബന്ധം പോലും ഇല്ല. ശകലം ബന്ധമുള്ളത് ബിജെപിയുമായിട്ടാണ്. കുമ്മനവുമായി ബന്ധപ്പെട്ട ഫോട്ടോ ആലപ്പുഴയിൽ വച്ച് നടന്ന പരിപാടിയിൽ ആരോ വിളിച്ചു കൊണ്ടു പോയപ്പോൾ എടുത്തതാണ്. ഞാൻ സിപിഎം അനുഭാവിയാണ്. സിപിഐഎം(എൽ)-ൽ പതിനഞ്ച് വർഷം വർക്ക് ചെയ്തു. ഞാൻ പാർട്ടി പ്രവർത്തനത്തിന് പോകുന്നത് അവന് ഇഷ്ടമല്ലായിരുന്നു. ഞാൻ ജനാധിപത്യ വനിതാ സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്നു.''

നേരത്തെ സന്ദീപ് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ മകന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് ഉഷ പറഞ്ഞതായി ചില ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സന്ദീപ് നായർക്ക് ബിജെപി ചായ്‍വുണ്ടായിരുന്നു എന്ന് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തമാണ്. 2015ന്​ ശേഷം നിരവധി ബി.ജെ.പി അനുകൂല പോസ്​റ്റുകളാണ്​ പ്രൊഫൈലിലുള്ളത്​. 2016ല്‍ ഒരാള്‍ക്ക് നൽകിയ കമൻറിൽ താന്‍ എന്നും ബി.ജെ.പിയാണെന്ന് മറുപടിയും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളോടൊത്ത് കുമ്മനം രാജശേഖരനൊപ്പമുണ്ടെന്ന് മറ്റൊരു കമൻറുമുണ്ട്.

Anweshanam
www.anweshanam.com