സ്വര്‍ണക്കടത്ത് കേസ്: അന്വേഷണത്തില്‍ ഉത്‌കണ്‌ഠയുണ്ടെന്ന് പ്രതിപക്ഷ നേതാവ്
Kerala

സ്വര്‍ണക്കടത്ത് കേസ്: അന്വേഷണത്തില്‍ ഉത്‌കണ്‌ഠയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

"ശത്രുക്കളെ പോലെ ആണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണ്.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഉത്‌കണ്‌ഠയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ചേര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

"സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ സിപിഎമ്മിനും ബിജെപിക്കും അറിയാം. സ്വര്‍ണം വന്നത് നയതന്ത്ര ബാഗേജിലൂടെയല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവന ചേര്‍ത്തുവായിക്കണം. അന്വേഷണത്തിന്റെ കുന്തമുന ബിജെപിയിലേക്ക് നീളുകയാണ്. കേസ് അന്വേഷണം ബിജെപിയിലേക്ക് നീളുമ്പോള്‍ ഇതിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്‌കണ്‌ഠയുണ്ട്. കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയാണ്," ചെന്നിത്തല പറഞ്ഞു.

"ശത്രുക്കളെ പോലെ ആണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണ്. പരസ്‌പരം വിമര്‍ശിക്കുമ്പോഴും കൂട്ടുകക്ഷികളെ പോലെയാണ് ഇരുവരും പെരുമാറുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം വേണം" ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com