സ്വർണ്ണക്കടത്തു കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, നടപടി തുടങ്ങി
Kerala

സ്വർണ്ണക്കടത്തു കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, നടപടി തുടങ്ങി

സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജി ക്ക് കത്ത് നല്‍കി

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍സള്‍ട്ടന്‍സികളെ കുറിച്ച്‌ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം.

കേസില്‍ റമീസിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ത്യ യുഎഇ സർക്കാരിൻറെ അനുമതി തേടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ വിദേശത്ത് ചെന്ന് അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അനുമതിയുണ്ട്.

യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സ‍ര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും.

Anweshanam
www.anweshanam.com