ഇടത് ബന്ധമെന്ന ബിജെപി ആരോപണം; കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 
Kerala

ഇടത് ബന്ധമെന്ന ബിജെപി ആരോപണം; കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 

സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അനീഷ്  പി  രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.  

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണകടത്ത കേസില്‍ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.

ഇന്നുതന്നെ കേരളത്തില്‍ നിന്നും ചുമതലയൊഴിയണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് കേന്ദ്രം ഉത്തരവ് കൈമാറിയത്. അടുത്ത മാസം പത്തിന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അനീഷ് പി രാജനായിരുന്നു. ഫൈസല്‍ അടക്കമുള്ള ആളുകളിലേക്ക് അന്വേഷണമെത്തിച്ചതും ഇദ്ദേഹമായിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശ്രമങ്ങളുണ്ടായെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അനീഷ് മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചിരുന്നു.

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനീഷ് പി രാജന് ഇടതുബന്ധമുണ്ടെന്ന് ആരോപിക്കുകയും തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇടപെട്ട് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. കസ്റ്റംസ് സൂപ്രണ്ട് വിവേകിനാണ് നിലവില്‍ കേസിന്‍റെ അന്വേഷണ ചുമതല.

Anweshanam
www.anweshanam.com