
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് എന്ന വാദം ആവര്‍ത്തിച്ച് ഉന്നയിക്കുന്നതു വഴി സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാനാണ് സിപിഎം ശ്രമിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
കേസിലെ മുഖ്യപ്രതികളുടെ വാദം തന്നെയാണ് തോമസ് ഐസക് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. എന്‍.ഐ.എയുടെ വാര്‍ത്താക്കുറിപ്പ് ഉയര്‍ത്തിക്കാട്ടുന്നവര്‍ അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് മറച്ചു പിടിക്കുകയാണ്. ഭരണതലപ്പത്തുള്ളവരുടെ അടുപ്പക്കാരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്ത് വരുന്നത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് വെപ്രാളം?
രാജ്യ വിരുദ്ധ പ്രവര്‍ത്തിയുടെ പങ്ക് പറ്റിയവരിലേക്കുള്ള അന്വേഷണ ഏജന്‍സിയുടെ പോക്ക് താക്കോല്‍ സ്ഥാനക്കാരിലെത്തുമെന്ന ആശങ്കയാണോ ഇത്തരം വാദങ്ങള്‍ക്ക് പ്രചോദനം?
സ്വര്‍ണ്ണക്കടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എ.ഇയുടെ തലയിലിടാനുള്ള സി.പി.എം. ശ്രമം ആരെ രക്ഷിക്കാനാണ്? നയതന്ത്ര ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി പിടിച്ചു വയ്ക്കണമായിരുന്നു എന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം യു.എ.ഇയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം ഇല്ലാതാക്കലാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ ആരോപിച്ചു.