വിവാദ ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല; എംഎൽഎ സി ദിവാകരൻ
Kerala

വിവാദ ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല; എംഎൽഎ സി ദിവാകരൻ

പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ സ്പീക്കറോട് സംസാരിച്ച് ഒഴിവാക്കുമായിരുന്നു.

By News Desk

Published on :

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ ഉൾപ്പെട്ട പ്രതികളുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്‍റെ കാര്യത്തിൽ അത് ഉണ്ടായില്ല.

അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ചെറിയ കട ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആവശ്യമേ ഉള്ളു എന്നിരിക്കെ കാര്‍ബൺ ഡോക്ടർ എന്ന കാര്‍ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ക്ക് ഒഴിവാക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സി ദിവാകരൻ പറഞ്ഞു.

സ്ഥലം എംഎൽഎ ആയിട്ടും സ്ഥാപനത്തിന്‍റെ ഉടമയോ സംരഭകരോ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. സ്പീക്കര്‍ വരുന്നുണ്ട് അതുകൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. സ്പീക്കര്‍ വരുന്നെന്ന് കേട്ടപ്പോഴാണ് എന്ത് സ്ഥാപനം ആണെന്ന് അന്വേഷിച്ചത്. അതൊരു കാര്‍ വര്‍ക്ക് ഷോപ്പ് ആണെന്ന് മനസിലാക്കി സ്പീക്കര്‍ വരുന്നെങ്കിൽ വരട്ടെ എന്ന് ഉദ്ഘാടനത്തിന് വിളിച്ചവരെ അറിയിച്ചിരുന്നു എന്നും സി ദിവാകരൻ പറ‍ഞ്ഞു.

ജനപ്രതിനിധികളാണെങ്കിൽ പല ബന്ധങ്ങളും ഉണ്ടാകും. ഇത്തരമൊരു ചടങ്ങ് സ്പീക്കര്‍ക്ക് എന്തുകൊണ്ട് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ അത്ഭുതമാണ്. ഒരു പക്ഷെ അത് സമ്മര്‍ദ്ദങ്ങൾ കൊണ്ടാകാം. വിവാദമുണ്ടായതിന് ശേഷം സ്പീക്കറോട് അങ്ങോട്ട് വിളിച്ച് സംസാരിച്ചിരുന്നു. വിവരം അറിയിച്ചിരുന്നെങ്കിൽ ഒഴിവാക്കുമായിരുന്നു എന്നും പറഞ്ഞു. ജാഗ്രത കുറവുണ്ടായി എന്ന് സ്പീക്കര്‍ തന്നെ പറഞ്ഞ സാഹചര്യത്തിൽ ഇനി വിവാദത്തിന് അര്‍ത്ഥമില്ലെന്നും സംഭവത്തില്‍ വിഷമമുണ്ടെന്നും സി ദിവാകരൻ പറഞ്ഞു.

Anweshanam
www.anweshanam.com