സംസ്ഥാന ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപനം; കോളേജ് അദ്ധ്യാപകരെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് ജിസിടിഒ

നിലവിൽ യുജിസി അദ്ധ്യാപകർക്ക് കേന്ദ്രസർക്കാർ നൽകുന്ന അടിസ്ഥാന ശമ്പളം ഒഴികെ ഒരു ആനുകൂല്യവും കേന്ദ്രനിരക്കിൽ കോളേജ് അദ്ധ്യാപകർക്ക് കേരളസർക്കാർ നൽകുന്നില്ല
സംസ്ഥാന ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപനം; കോളേജ് അദ്ധ്യാപകരെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് ജിസിടിഒ

തിരുവനന്തപുരം: കേരളത്തിലെ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും നാലു ഗഡു ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപിച്ചപ്പോൾ കോളേജ് അധ്യാപകരോട് കാട്ടിയത് കടുത്ത അനീതിയും ചിറ്റമ്മ നയവുമെന്ന്‍ ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ. 2019 ജനുവരി, ജൂലൈ, 2020 ജനുവരി, ജൂലൈ എന്നീ നാലു കാലയളവിലെ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചപ്പോൾ കോളേജ് അദ്ധ്യാപകർ അടക്കമുള്ള കേന്ദ്ര ഡിഎ വാങ്ങുന്ന ജീവനക്കാരുടെ അവസാന രണ്ടു ഗഡു ഡി.എ കേരളസർക്കാർ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. 2020 ജനുവരി മുതൽ മരവിപ്പിച്ചിരിക്കുന്ന ക്ഷാമബത്ത തവണകൾ കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുന്ന മുറക്ക് മാത്രമേ കേന്ദ്രനിരക്കിൽ ഡി.എ. വാങ്ങുന്ന ജീവനക്കാർക്ക് ആ ക്ഷാമബത്ത നൽല്കുകയുള്ളൂവെന്നു ക്ഷാമബത്ത പരിഷ്കരണ ഉത്തരവിൽ പറയുന്നു.

നിലവിൽ യുജിസി അദ്ധ്യാപകർക്ക് കേന്ദ്രസർക്കാർ നൽകുന്ന അടിസ്ഥാന ശമ്പളം ഒഴികെ ഒരു ആനുകൂല്യവും കേന്ദ്രനിരക്കിൽ കോളേജ് അദ്ധ്യാപകർക്ക് കേരളസർക്കാർ നൽകുന്നില്ല. അടിസ്ഥാന ശമ്പളം കേന്ദ്രനിരക്കിൽ അനുവദിക്കുമ്പോൾ ആനുകൂല്യങ്ങൾ കേരള സർക്കാർ നിരക്കിൽ എന്നതാണ് നിലവിലെ സർക്കാർ നയം. അതേസമയം ഇപ്പോൾ ക്ഷാമബത്ത അനുവദിച്ചപ്പോൾ സർക്കാർ മലക്കം മറിയുന്നത് പ്രതിഷേധാർഹമാണ്.

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കേരളസർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം പിടിച്ചു വെച്ചപ്പോൾ അതിൽ കോളേജ് അദ്ധ്യാപകരെയും ഉൾപ്പെടുത്തിയിരുന്നു. അതേസമയം കേന്ദ്രസർക്കാർ ജീവനക്കാർക്ക് അത്തരത്തിൽ ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചിരുന്നില്ല. ഇത്തരത്തിൽ കേന്ദ്രജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കാതിരുന്ന സന്ദർഭത്തിൽ പോലും കേരളത്തിലെ കോളേജ് അദ്ധ്യാപകരിൽ നിന്ന് ശമ്പളം പിടിക്കുകയും എന്നാൽ ഒരു ആനുകൂല്യം സംസ്ഥാന ജീവനക്കാർക്ക് നൽകുമ്പോൾ അതെ അദ്ധ്യാപകരോട് വിവേചനം കാട്ടുകയും ചെയ്യുന്നത് അങ്ങേയറ്റത്തെ നീതിനിഷേധമാണെന്ന് ജിസിടിഒ പറഞ്ഞു.

കേരളത്തിലെ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച ക്ഷാമബത്ത കുടിശ്ശിക കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന കോളേജ് അദ്ധ്യാപകർക്കും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ജിസിടിഒ സംസ്ഥാന പ്രസിഡന്റ് ഡോ.കെ അനിൽകുമാർ, ജനറൽ സെക്രട്ടറി ഡോ.ബിജു ലോന.കെ, ട്രഷറർ ഡോ.ജിനോ സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com