വഴിയോര വിശ്രമകേന്ദ്രത്തിന്റെ പേരില്‍ അഴിമതിയെന്ന് ചെന്നിത്തല; ആരോപണത്തിന് മറുപടി നല്‍കി ജി സുധാകരൻ

ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല, അതിന് അധികാരവുമില്ലെന്ന് മന്ത്രി പറഞ്ഞു
വഴിയോര വിശ്രമകേന്ദ്രത്തിന്റെ പേരില്‍ അഴിമതിയെന്ന് ചെന്നിത്തല; ആരോപണത്തിന് മറുപടി നല്‍കി ജി സുധാകരൻ

തിരുവനന്തപുരം: വഴിയോര പാതകളില്‍ വിശ്രമകേന്ദ്രം അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്റെ ഞാണ് പൊട്ടിയെന്നും അമ്പൊടിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല, അതിന് അധികാരവുമില്ല. എന്നാല്‍ ഇങ്ങനെ വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ സംസ്ഥാന പാതയുടെ ഓരത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ ടെന്‍ഡര്‍ പൊട്ടിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

റോഡിന്റെ ഉപയോഗിക്കുന്ന ഭാഗവും ഭാവിയില്‍ വികസിപ്പിക്കാനാവുന്നതും കഴിഞ്ഞ് ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇവിടെ വിശ്രമ കേന്ദ്രം നിര്‍മിച്ച് വഴിയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് വകുപ്പിന് മുന്നില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടികളൊന്നും ആയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കണ്ടെത്തിയ സ്ഥലങ്ങളില്‍ ഏഴെണ്ണം കെഎസ്ഡിപിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഏഴെണ്ണവും എംസി റോഡിലാണ്. പൊതുമരാമത്തിന്റേത് മൂന്നെണ്ണം. ഇത് എന്തു ചെയ്യണമെന്ന് ഫയല്‍ വന്നു. അതില്‍ ടെന്‍ഡര്‍ ചെയ്തും നേരിട്ടും ഏജന്‍സിക്ക് കൊടുക്കാമെന്നാണ് ഫയലില്‍ പറയുന്നത്. ഇതില്‍ ടെന്‍ഡര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അഭിപ്രായമെഴുതിയത്. മറ്റെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com