
തിരുവനന്തപുരം: വൈറ്റില മേല്‍പാലം തുറന്നത് മാഫിയസംഘമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. ആരുടെ പിന്തുണ ഉണ്ടെങ്കിലും കാര്യമില്ല, സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധി. എന്‍ജീനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉദ്ഘാടനം തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ മാഫിയയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. പാലം തുറന്നുകൊടുത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അന്വേഷണം വേണമെന്നും മന്ത്രി ജി.സുധാകരന് ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന് വ്യക്തമാക്കി.
വൈറ്റില പാലത്തെ പാലാരിവട്ടം പോലെയാക്കാനാണ് നീക്കം. പാലാരിവട്ടത്ത് അഴിമതി കാണിച്ച സംഘമാണ് അതിന് പിന്നില്‍. പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ- ജി.സുധാകരന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതെന്ന് മന്ത്രി പറയുന്നു. പണി കഴിഞ്ഞിട്ട് ഒരു മാസമായി. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ട് അറിയിച്ചതാണ്. ഉപരിതല, റോഡ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് മുഖാന്തരം പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. ഇതുവരെ പ്രധാനമന്ത്രി ഒരു തീയതി നൽകിയിട്ടില്ലെന്നും ജി സുധാകരൻ പറയുന്നു. മുഖ്യമന്ത്രി വന്നാലേ വൈറ്റില പാലം തുറക്കാനാകൂ എന്ന് സർക്കാർ വാശി പിടിക്കുകയാണ് എന്നതേടക്കമുള്ള ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായാണ്, ജി സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.