ഫർണിച്ചർ അസോസിയേഷന്‍ ഫുമ്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ പുറത്താക്കി;സംഘടനയില്‍ വൻ പൊട്ടിത്തെറി

സംഘടന നടത്തിയ പരിപാടികളില്‍ കോടികണക്കിന് അഴിമതി ആരോപിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്
ഫർണിച്ചർ അസോസിയേഷന്‍ ഫുമ്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ പുറത്താക്കി;സംഘടനയില്‍ വൻ പൊട്ടിത്തെറി

തിരുവനന്തപുരം: കേരളത്തിലെ ഫർണിച്ചർ അസോസിയേഷനായ ഫുമ്മയുടെ (എഫ്.യു.എം.എം.എ) സംസ്ഥാന വൈസ് പ്രസിഡന്റിനെ പുറത്താക്കി. സംഘടനയുടെ ഭരണഘടനയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ജനാധിപത്യവിരുദ്ധമായി അദ്ദേഹം പോലും പങ്കെടുക്കാത്ത സെക്രട്ടറിയേറ്റ് മീറ്റിങ്ങിൽ അദ്ദേഹത്തെ ഏകകണ്ഠമായി പുറത്താക്കുകയായിരുന്നു. കാരണം എന്താണെന്ന് പോലും പറയാതെയാണ് പുറത്താക്കല്‍ നടപടി ഉണ്ടായത്.

സംഘടന നടത്തിയ പരിപാടികളില്‍ അദ്ദേഹം കോടികണക്കിന് അഴിമതി ആരോപിച്ചിരുന്നു. കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും അതുപോലെതന്നെ സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സ്റ്റേറ്റ് കൗൺസിലിന്‍റെ പോലും അംഗീകാരമില്ലാതെ കേരളത്തിൽ മുഴുവൻ ഫർണിച്ചർ കച്ചവടക്കാരെയും തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സംസ്ഥാന പ്രസിഡൻറ് ടോമി പുലിക്കാട്ടിൽ എടുത്ത് നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഫുമ്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ വി ജാഫർ ആരോപിച്ചു.

തന്നെ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കിയിട്ട്, കേരളം മുഴുവൻ തന്നെ സംഘടനയിൽ നിന്നും മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു എന്ന് വ്യാജപ്രചരണം നടത്തി. സെക്രട്ടറിയേറ്റ് പുറത്താക്കി കഴിഞ്ഞാലും സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ചു എങ്കിൽ മാത്രമേ അത് നടപ്പിലാവുകയുള്ളൂ.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ നടപടിയെ എതിര്‍ത്ത ആളുകളെ മുഴുവൻ നിശബ്ദരാക്കിക്കൊണ്ട് ഏക‌പക്ഷീയമായ നിലപാട് നേടിയെടുക്കാന്‍ വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി വന്‍ ഗുണ്ടായിസമാണ് മീറ്റിങ്ങിൽ കാണിച്ചത്.

ജനറൽ സെക്രട്ടറിയായ ഷാജി മനഹാര്‍ തന്‍റെ സ്വാർത്ഥതാല്പര്യങ്ങൾ ഈ സംഘടനയിലൂടെ നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ ഈ സംഘടന പിടിച്ചടക്കലിനെ ജനാധിപത്യ രീതിയിലൂടെ പ്രതിരോധിക്കണമെന്ന് കെ വി ജാഫർ ഫുമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടു.

ജനാധിപത്യരീതിയിൽ എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ എറണാകുളം ജില്ലയിൽ നിന്ന് പുറത്താക്കാൻ, എറണാകുളം ജില്ല സെക്രട്ടറിയായ സുനിലും ട്രഷറര്‍ ആയ ജോഷിയും നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ അദ്ദേഹം അപലപിച്ചു.

സംഘടന നടത്തിയ ഒരുപാട് പ്രവർത്തനങ്ങളുടെ കണക്ക് ഓഡിറ്റ് ചെയ്യുകയോ അതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കൗൺസിലിനോ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലോ ഇതുവരെ ഒരു കണക്കു പോലും ഇതുവരെ വെയ്കാന്‍ ജനറൽ സെക്രട്ടറിക്കും മറ്റാർക്കും സാധിച്ചിട്ടില്ല. എത്രയും പെട്ടെന്നുതന്നെ ഇത്തരം വിരുദ്ധ പ്രവർത്തനങ്ങളുടെ കണക്കും കാര്യവും പുറത്ത് വിടണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായ എതിര്‍ത്ത ശ്രീ ടോമി പുലിക്കാട്ടില്‍ ഒരു സുപ്രഭാതത്തിൽ എതിര്‍പക്ഷത്തോടൊപ്പം ചേരുന്നതായണ് കണ്ടതെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് ആരോപിച്ചു.

ജനാധിപത്യപരമായ രീതിയിൽ സംഘടന മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംഘടനയുടെ യഥാർത്ഥ രീതിയിലുള്ള തെരഞ്ഞെടുപ്പും, അതുപോലെതന്നെ സംഘടനയെ സുതാര്യമാക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കുവേണ്ടി സംഘടന അംഗങ്ങൾ ശക്തിയുക്തമായി രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം മുഴുവൻ താൻ അഴിമതിക്കാരനാണെനന്നും സംഘടനാ വിരുദ്ധൻ ആണെന്നും ഉള്ള വ്യാജ പ്രചരണങ്ങൾ നടത്തി. അതു തന്‍റെ കച്ചവടത്തെയും വ്യക്തി ബന്ധങ്ങളെയും ഒരുപാട് ബാധിച്ചു. ഇതിന്‍റെ നിജസ്ഥിതി സാധാരണക്കാരായ അംഗങ്ങളെ അറിയിക്കുകയും ഉടനെതന്നെ സ്റ്റേറ്റ് കൗൺസിൽ വിളിച്ചുകൂട്ടി തൻറെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഒരുക്കണം. അല്ലാത്തപക്ഷം താൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ വി ജാഫര്‍ അന്വേഷണം ഡോട്ട് കോമിനോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com