പൊന്ന്യത്തെ ബോംബ് സ്‌ഫോടനം; ഗുരുതര പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍ക്ക്
Kerala

പൊന്ന്യത്തെ ബോംബ് സ്‌ഫോടനം; ഗുരുതര പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍ക്ക്

ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷിനാണ് പരിക്കേറ്റത്

News Desk

News Desk

കണ്ണൂര്‍: കണ്ണൂര്‍ പൊന്ന്യത്ത് സിപിഎം കേന്ദ്രത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. തെളിവില്ലെന്ന് കണ്ട് രമീഷിനെ കോടതി വെറുതെവിടുകയായിരുന്നു.

ഇയാളുടെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്ഫോടനത്തില്‍ അറ്റു. കതിരൂർ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.

ബോംബ് സ്‌ഫോടനത്തില്‍ മാഹി സ്വദേശി റമീഷ് എന്നയാള്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 28ആം പ്രതിയായിരുന്നു. അതേസമയം, പൊന്ന്യത്ത് നരി വയലിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ആളുകളെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തലശ്ശേരി പൊന്ന്യം ചൂളിയില്‍ ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു.

കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പുഴയോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് പേര്‍ പുഴയിലേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 12 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു. ഇവ പോലീസിന്റെ നേതൃത്വത്തില്‍ നിര്‍വീര്യമാക്കുന്ന നടപടികള്‍ ആരംഭിച്ചു.

Anweshanam
www.anweshanam.com