ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല
Kerala

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാകും ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക

News Desk

News Desk

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവിന്റെ നാമധേയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാകും ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ആസ്ഥാനമായാണ് ആദ്യ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുന്നത്. നാല് സര്‍വകലാശാലകളുടെ വിദൂര വിദ്യഭ്യാസ പഠന സൗകര്യങ്ങള്‍ സംയോജിപ്പിച്ചാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം. ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴ്‌സ് ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതു വരെയുള്ള പഠനത്തിന് അനുസരിച്ച്‌ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാല പ്രത്യേകത ആയിരിക്കും. സര്‍ക്കാര്‍-എയ്ഡ്ഡ് കോളേജുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും സര്‍കകലാശാലയില്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശീയ ആന്തര ദേശീയ രംഗത്തെ പ്രഗത്ഭരായ അദ്ധ്യാപകരുടെയും വിദഗ്ദരുടെയും ഓണ്‍ലൈന്‍ ക്ളാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com