
എറണാകുളം: ജില്ലയില്‍ പറവൂര്‍ തത്തപ്പിള്ളിയിലെ പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം. പറവൂര്‍ തത്തപ്പിള്ളി ഗവണ്മെന്റ് ഹൈ സ്കൂളിന് സമീപത്തുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ 11.30 നാണ് കമ്പനിയുടെ ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വെല്‍ഡിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് തീപടര്‍ന്നത്. അപകട സാധ്യത മുന്നില്‍കണ്ട് സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.