ട്രാൻസ്ജെൻഡർ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴിൽ വായ്പ
Kerala

ട്രാൻസ്ജെൻഡർ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴിൽ വായ്പ

പ്രൊജക്റ്റ് പ്രൊപ്പോസൽ സഹിതം അപേക്ഷിക്കാം.

News Desk

News Desk

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. സ്വയംതൊഴിൽ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസൽ സഹിതം അപേക്ഷിക്കാം.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും. മൂന്നു ലക്ഷം മുതൽ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.

വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സർക്കാർ തലത്തിൽ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ സമർപ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കും.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com