16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസ്

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസ്

കാസര്‍ഗോട്: കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പീഡനവിവരം മറച്ചുവെച്ചതിന് അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.

നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷമായി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം ലഭിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശിയായ കുട്ടിയുടെ പിതാവ് പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം നാലു കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അമ്മാവന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. സൗഹൃദം നടിച്ചെത്തിയവരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related Stories

Anweshanam
www.anweshanam.com