വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: സ്വപ്‌ന സുരേഷിനെതിരേ പോലീസ് കേസെടുത്തു
Kerala

വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: സ്വപ്‌ന സുരേഷിനെതിരേ പോലീസ് കേസെടുത്തു

ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി. എം.ഡി. നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

By News Desk

Published on :

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ചതിന് സ്വപ്ന സുരേഷിനെതിരേ പോലീസ് കേസെടുത്തു. ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി. എം.ഡി. നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്. കേസില്‍ പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

സ്വപ്നയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാൽ ഈ സർവകലാശാല ബി.കോം കോഴ്സ് പോലും നടത്തുന്നില്ലെന്നതാണ് യാഥാർഥ്യം.

2008 മുതൽ 2011 വരെ സർവകലാശാലയ്ക്ക് കീഴിൽ റെഗുലറായി പഠിച്ച് ബി.കോം പൂർത്തിയാക്കിയെന്നാണ് സ്വപ്നയുടെ സർട്ടിഫിക്കറ്റിലുള്ളത്. എയർഇന്ത്യ സാറ്റ്സ്, യുഎഇ കോൺസുലേറ്റ് എന്നിവിടങ്ങളിലും ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിലും സ്വപ്ന ജോലി നേടാൻ ഉപയോഗിച്ചതും ഇതേ സർട്ടിഫിക്കറ്റായിരുന്നു. അതിനിടെ, വ്യാജ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനായി ഇതേ സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വരെ പ്രവർത്തിക്കുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.

അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ഒരാഴ്ചത്തേക്കാണ് എന്‍.ഐ.എ കോടതി കസ്റ്റഡിയില്‍ വിട്ടത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ ഓഫീസിലെത്തിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ സംഘം കരുതുന്നത്.

Anweshanam
www.anweshanam.com