സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജചിത്രം പ്രചരിപ്പിച്ച് കോണ്‍ഗ്രസ്;ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസും തമ്മില്‍ കഴിഞ്ഞ മാസം നടന്ന വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് പങ്കെടുത്തുവെന്നാണ് വ്യാജ പ്രചാരണം
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജചിത്രം പ്രചരിപ്പിച്ച് കോണ്‍ഗ്രസ്;ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളുടെ വ്യാജ പ്രചാരണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസും തമ്മില്‍ കഴിഞ്ഞ മാസം നടന്ന വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് പങ്കെടുത്തുവെന്നാണ് വ്യാജ പ്രചാരണം.

2020 ജൂണ്‍ 15ന് ക്ലിഫ്ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാര്‍ക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നില്‍ക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിവാഹ ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി പകരം സ്വപ്‌നയുടെ ചിത്രം ചേര്‍ക്കുകയായിരുന്നു.

ടി ജി സുനില്‍ ( യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍), ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം നിയമം 465, 469 വകുപ്പുകള്‍ പ്രകാരവും ഐ ടി ആക്‌ട്, കേരളാ പോലീസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണിത്. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പമുണ്ട്.

Related Stories

Anweshanam
www.anweshanam.com