ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കറിന് എന്‍ഫോഴ്‌സ്മെന്റിന്റെ സമന്‍സ്
Kerala

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കറിന് എന്‍ഫോഴ്‌സ്മെന്റിന്റെ സമന്‍സ്

വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎയും നീക്കം തുടങ്ങിയിട്ടുണ്ട്.

News Desk

News Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. ശിവശങ്കറിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ എന്‍ഐഎയും നീക്കം തുടങ്ങിയിട്ടുണ്ട്.

രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. മറുപടികളില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് വീണ്ടും വിളിപ്പിച്ചത്.

ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എന്‍ഫോഴസ്‌മെന്റ് ഡയരക്ട്രേറ്റ് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശമാണ് നല്‍കിയത്.

പ്രളയ ഫണ്ട് സ്വരൂപിക്കാന്‍ സര്‍ക്കാര്‍ സംഘം യുഎഇയില്‍ പോയപ്പോള്‍ ശിവശങ്കറും സ്വപ്‌നയും യുഎഇയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഇവിടെ വെച്ച് സ്വപ്‌നയുമായി സാമ്പത്തികമായ എന്തെങ്കിലും ഇടപാടുകള്‍ നടന്നോ എന്നതുള്‍പ്പെടെയുള്ള കാര്യമാണ് ഇഡി പരിശോധിക്കുന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ സംഘം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹവാല ഇടപാടുകള്‍ നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. ദുബായ് കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഹവാല ഇടപാടുകള്‍. ഈ സമയത്ത് യുഎഇയില്‍ എത്തിയ ശിവശങ്കറിന് ഇക്കാര്യത്തില്‍ എന്തെങ്കിലും അറിയാമായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. യുഎഇയില്‍ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഒരുങ്ങുന്നത്.

Anweshanam
www.anweshanam.com