ബിനീഷിനെ കാണാൻ എത്തിയ അഭിഭാഷകരെ ഇ.ഡി തടഞ്ഞു

കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്
ബിനീഷിനെ കാണാൻ എത്തിയ അഭിഭാഷകരെ ഇ.ഡി തടഞ്ഞു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ എത്തിയ അഭിഭാഷകരെ എൻഫോഴ്സ്മെന്റ് തടഞ്ഞു.

ബംഗളൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഭാഷകർ എത്തിയപ്പോഴാണ് ഇ.ഡി ഇവരെ തട‍ഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്. ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്. ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. അഭിഭാഷക സംഘം ഇ.ഡി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാനുള്ള അനുമതിയുള്ളത്.

ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com