നയതന്ത്രബാഗേജ് വിട്ടുനൽകാൻ ശിവശങ്കര്‍ ഇടപെട്ടു; കസ്റ്റംസിനെ വിളിച്ചുവെന്ന് ഇഡി അറസ്റ്റ് മെമ്മോ

ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ്.
നയതന്ത്രബാഗേജ് വിട്ടുനൽകാൻ ശിവശങ്കര്‍ ഇടപെട്ടു; കസ്റ്റംസിനെ വിളിച്ചുവെന്ന് ഇഡി അറസ്റ്റ് മെമ്മോ

കൊച്ചി: നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശം. ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ് പറയുന്നു.

സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. അറസ്റ്റ് മെമ്മോയുടെ പകർപ്പ് പുറത്ത് വന്നു.

ഒക്ടോബർ 15ന് നൽകിയ മൊഴിയിൽ താൻ കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചുവെന്നാണ് അറസ്റ്റ് മെമ്മോയിൽ കാണുന്നത്. ഇതിന് മുമ്പ് സമാനമായ രീതിയിൽ 21 തവണ വന്ന ഡിപ്ലോമാറ്റിക് കാർഗോ വിട്ട് നൽകാനും ശിവശങ്കർ തന്റെ അധികാരം ഉപയോഗിച്ച് ഇടപെട്ടിരിക്കാം എന്ന് ഇഡ‍ി അനുമാനിക്കുന്നു.

ഈ ബാഗേജുകളിൽ സ്വർണമായിരുന്നിരിക്കാം. പക്ഷേ പരിശോധന നടത്താത്തിനാൽ ആർക്കും ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല. കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്.

അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിൻ്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Related Stories

Anweshanam
www.anweshanam.com