
കോഴിക്കോട്: ആനക്കാംപൊയില്‍ തേന്‍പാറ മലമുകളില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചെരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകര്‍ അറിയിച്ചു
മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ ക്ഷീണവും കാലുകള്‍ക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നല്കുന്ന വിശദീകരണം. പുലര്‍ച്ചെ വരെ വനംവകുപ്പ് ചികിത്സ നല്‍കിയെങ്കിലും ആനയെ രക്ഷിക്കാനായില്ല
വെറ്റിനിറി സര്‍ജ്ജന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കിണറ്റില്‍ വീണപ്പോഴുണ്ടായ പരിക്കാണ് ആനയെ ഗുരുതരാവസ്ഥിയിലെത്തിച്ചത്. താഴേക്കുള്ള വീഴ്ചയില്‍ കാലിന് സാരമായ പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം എടുക്കാനാകാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി.
മുത്തപ്പന് പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള് താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളില്‍ കാട്ടാന വീണ് മുന്നു ദിവസത്തിനുശേഷമാണ് വനംവകുപ്പ് കരക്ക് കയറ്റിയത്. കിണറ്റില്‍ നീന്നും പുറത്തെത്തിച്ചെങ്കിലും ആനക്ക് വനത്തിനുള്ളിലേക്ക് തിരികെ പോകാനായിരുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് വനം വാച്ചര്‍മാര്‍ കിണര്‍ പരിസരത്തുനിന്നും 400 മീറ്റര്‍ ആകലെ ആനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത് തുടര്‍ന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മയക്കുവെടി വെച്ചതിനുശേഷം പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി.