
കാസര്‍കോട്: കള്ളവോട്ട് സംബന്ധിച്ച് ഉദുമ എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. പ്രിസൈഡിങ് ഓഫീസറായ കെ.എം.ശ്രീകുമാര്‍ കള്ളവോട്ട് സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. കള്ളവോട്ട് നടന്നെങ്കില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വോട്ടിംഗ് നിര്‍ത്തി വയ്ക്കാമായിരുന്നു എന്നും കളക്ടർ വ്യക്തമാക്കി.
രേഖകള്‍ പരിശോധിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്കല്ല ഒന്നാം പോളിംഗ് ഓഫീസര്‍ക്കാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെഎം ശ്രീകുമാറാണ് രംഗത്ത് വന്നത്. ഇദ്ദേഹത്തിന്റെ പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി ഭാസ്കരന് പറഞ്ഞു.
സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നും അതിന് ശേഷം അനന്തര നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കുഞ്ഞിരാമന് എംഎല്‍എ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎല്‍എയുടെ ഭീഷണിയെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഉച്ചമുതല്‍ ബൂത്തില്‍ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ഇത് നടന്നത്. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസറായ ശ്രീകുമാര്‍ ആരോപിച്ചു.