
പെരുമ്പാവൂർ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകുന്ന ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ആർഎസ്എസുകാർ രാമക്ഷേത്രമാണെന്ന് പറയാതെ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വേദനയുണ്ടായ സമുദായത്തോട് ഖേദം പ്രകടിപ്പിക്കുന്നതായും എൽദോസ് കുന്നംപള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വിശദീകരിച്ചു.
''ഞാൻ എന്നും മതേതരത്വം ഉയർത്തുന്നയാളാണ്. ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ സമൂഹങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. ശബരിമലയിൽ വിശ്വാസികളുടെ കൂടെനിന്നയാളാണ് ഞാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ യാത്ര നടത്തിയിട്ടുണ്ട്. ആർഎസ്എസിന്റെയും ബിജെപിയെയും ലക്ഷ്യം കോൺഗ്രസിനെ തകർക്കലാണ്. ആർഎസ്എസ് പറയുന്നത് തന്നെയാണ് സിപിഎമ്മും പ്രചരിപ്പിക്കുന്നത്.
ഇരിങ്ങോക്കാവിന്റെ സമീപത്ത് നിന്നും ഇന്നലെ ഒരു പറ്റം ആളുകൾ കാണാൻ വന്നു. അവർ ആർ.എസ്.എസുകാരാണെന്നോ ലക്ഷ്യം കബളിപ്പിക്കലോ ആണെന്ന് എനിക്കറിയില്ലായിരുന്നു. അവരവിടെ വന്ന് ഒരുവഴിപാട് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ തിരക്കിനിടയിൽ എന്റെ നിഷ്കളങ്കത കൊണ്ട് 1000രൂപ കൊടുത്തുവെന്നത് ശരിയാണ്. എല്ലാ മതക്കാർക്കും ഞാനിങ്ങനെ കൊടുക്കാറുണ്ട്.
എന്നാൽ ആർഎസ്എസുകാർ എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എനിക്കിതിൽ കടുത്ത വേദനയുണ്ട്. അവർ തന്ന ഫോട്ടോ ഞാൻ ശ്രദ്ധിച്ചില്ല. അതുമൂലം ഒരു സമുദായത്തിനുണ്ടായ വേദന അറിയുന്നു. ആ സമുദായത്തോട് ഖേദം പ്രകടിപ്പിക്കുന്നു. ഈ പ്രശ്നത്തിൽ എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം'' - എൽദോസ് കുന്നംപള്ളി പറഞ്ഞു.