മെഡിക്കൽ സീറ്റ് തട്ടിപ്പ്; സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും

സിബി വയലിലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
മെഡിക്കൽ സീറ്റ് തട്ടിപ്പ്; സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും

കോഴിക്കോട്: സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോഴിക്കോട് യൂണിറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത മേരി മാതാ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ സിബി വയലിലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നിലമ്പൂരിലെ വ്യവസായി മൻസൂറിൻ്റെയും മൊഴി എടുക്കുന്നുണ്ട്.

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സിബി വയലിലുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. നിലമ്പൂർ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി സ്പോൺസർ ചെയ്ത പരിപാടികളെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

കോഴിക്കോട് കല്ലായിയിലെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് എൻഫോഴ്സ്മെൻറ് ആര്യാടൻ ഷൗക്കത്തിൻ്റെ മൊഴിയെടുത്തത്. സിബി വയലിലിൻ്റെ സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. ഈ കേസിൽ ഇയാളെ നേരത്തെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടികൾ സ്പോൺസർ ചെയ്തതുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിലെ മറ്റു ചില നേതാക്കളെയും ഇ ഡി അടുത്ത ദിവസങ്ങളിൽ വിളിച്ച് വരുത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com