ബിനീഷ് അനൂപിന്‍റെ 'ബോസ്'; മൂന്നരക്കോടിയോളം കൈമാറിയിട്ടുണ്ടെന്ന് ഇഡി

ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്.
ബിനീഷ് അനൂപിന്‍റെ 'ബോസ്'; മൂന്നരക്കോടിയോളം കൈമാറിയിട്ടുണ്ടെന്ന് ഇഡി

ബംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോര്‍ട്ട് പുറത്ത്. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു വേണ്ടി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തായത്.

മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇഡി പറയുന്നു. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

അനൂപിനെ ഇഡി 17ാം തിയതി മുതല്‍ 21വരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്.

വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ആറാം തിയതി ബിനീഷിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇഡി പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ അന്വേഷണവുമായി ബിനീഷ് സഹകരിക്കുന്നില്ല. അതിനാല്‍ ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Related Stories

Anweshanam
www.anweshanam.com