
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്ക് എന്‍ഫോഴ്സ്മെന്റ് അന്വേഷണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ എന്നിവ നല്കാന് ആവശ്യപ്പെട്ടാണ് കൊച്ചി ഓഫീസിന്റെ നോട്ടീസ്. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയത്.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഊരാളുങ്കലിന് ലഭിച്ച പദ്ധതികള്‍, പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാത്തതുമായ പദ്ധതികള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ, ചൂതാട്ട വിരുദ്ധ നിയമപ്രകാരമുള്ള അന്വേഷണമാണ് സൊസൈറ്റിക്കെതിരെ നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡിഷണൽ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തിക ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയതെന്നാണ് അന്നറിയിച്ചിരുന്നത്. വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം രണ്ടര മണിക്കൂറോളം ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെ പരിശോധനയിൽ വിശദീകരണവുമായി സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ രംഗത്തെത്തിയിരുന്നു. നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയായിരുന്നുവെന്നും പാലേരി രമേശന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.