മുന്നോക്ക സാമ്പത്തിക സംവരണം; വിജ്ഞാപനമിറങ്ങി

നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും

മുന്നോക്ക സാമ്പത്തിക സംവരണം; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം.

ഇതോടെ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും സംവരണം ബാധകമായി.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല.പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.

Related Stories

Anweshanam
www.anweshanam.com