ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ്; പാണക്കാടെത്തി നേതാക്കളെ കണ്ടു

കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം
ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ്; പാണക്കാടെത്തി നേതാക്കളെ കണ്ടു

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. മമ്പുറം മഖാം സന്ദർശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി.

എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതി അദ്ദേഹത്തിന് ഇളവ് നൽകിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു കോടതി ഇളവ് നൽകിയത്. എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. മുസ്ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.

കളമശ്ശേരി സീറ്റിന്റെ കാര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗെത്തെത്തിയിരുന്നു. കേസുകളുള്ള എംഎൽഎമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മജീദ് പറഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ അംഗീകരിക്കാൻ സാധിക്കിലെന്നും മജീദ് കൂട്ടിച്ചേർത്തു.

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്. വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ്, പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

സ്വകാര്യ ആശുപത്രി റിപ്പോർട്ട്‌ ഹാജരാക്കി ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ആർസിസിയിലെ ഡോക്ടർമാരെ ഉപയോഗിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കാൻ നടപടി വേണം. ജാമ്യം റദ്ദാക്കാൻ ഉടൻ നടപടി വേണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com