വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; ഡിസിസി നേതൃത്വത്തിന് പങ്കെന്ന് ഡിവൈഎഫ്ഐ
Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; ഡിസിസി നേതൃത്വത്തിന് പങ്കെന്ന് ഡിവൈഎഫ്ഐ

അറസ്റ്റിലായ പ്രവര്‍ത്തകരെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകക്കേസിൽ ഡിസിസി നേതൃത്വത്തിന് പങ്കെന്ന് ഡിവൈഎഫ്ഐ. കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതി ഉണ്ണി കോൺഗ്രസ് ഭാരവാഹിയാണ്. അറസ്റ്റിലായ പ്രവര്‍ത്തകരെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കൊലയാളികളെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോൺഗ്രസ് ആക്ഷേപിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പുരുഷോത്തമൻ നായർ അക്രമത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിൽ പങ്കെടുത്തു. അറസ്റ്റിലായ ഉണ്ണി ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ്. കോൺഗ്രസ് വാർഡ് പ്രസിഡൻറും ആണ്. കോൺഗ്രസ് പ്രവര്‍ത്തകരാണ് കൃത്യം ചെയ്തത്. ഇയാളെ പുറത്താക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. കേസിൽ പ്രതിയായ ഷജിത്തിനെ അടൂർ പ്രകാശ് നേരിൽ കണ്ടുവെന്നും റഹീം ആരോപിച്ചു.

"കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്‍റെ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട് ആനാവൂർ പറഞ്ഞത് രണ്ട് സാധ്യതകൾ മാത്രമാണ്"- റഹീം കൂട്ടിച്ചേര്‍ത്തു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഉണ്ണിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദപുരത്തുള്ള ഒരു പാറയുടെ മുകളിൽ നിന്ന് ആറ്റിങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസറിനായുള്ള തിരച്ചിൽ തുടരുകയാണ്.

Anweshanam
www.anweshanam.com