
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തിക്കുക. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം.കണ്ടെയ്ന്മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തില്‍ പാടുള്ളു. തുടങ്ങിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കേരളത്തില്‍ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടും ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അഞ്ചുമാസമായി സംസ്ഥാനത്തെ ഡ്രൈവിങ് സ്കുളുകള്‍ അടഞ്ഞുകിടക്കുകയാണ്.