പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരില്ല: ഇ ശ്രീധരന്‍

മുന്‍ പദ്ധതികളില്‍ ബാക്കി വന്ന തുക ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരില്ല: ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ചുമതലയേറ്റെടുത്ത ഇ ശ്രീധരന്‍. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യയ്ക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്നുമാണ് ഇ ശ്രീധരന്‍ അറിയിച്ചത്. എട്ട്-ഒന്‍പത് മാസത്തിനുള്ളില്‍ പാലം തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്.

ഡിഎംആര്‍സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷന്‍ തിരികെ കൊണ്ടു വരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി തുടങ്ങാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com