മകനെതിരായ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; ഡികെ മുരളി
Kerala

മകനെതിരായ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; ഡികെ മുരളി

അടൂര്‍ പ്രകാശ് എംപിയുടേയും പ്രതികളുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണം.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിലേക്ക് നയിച്ചത് തന്റെ മകനുമായുണ്ടായ തര്‍ക്കമാണെന്ന അടൂര്‍ പ്രകാശ് എംപിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് വാമനപൂരം എംഎല്‍എ ഡികെ മുരളി.

തന്റെ കുടുംബത്തിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അടൂര്‍ പ്രകാശിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംപിയുടേയും പ്രതികളുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഡികെ മുരളി പറഞ്ഞു.

അടൂര്‍ പ്രകാശിനെതിരായ ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഡികെ മുരളി എംഎല്‍എ പ്രതികരിച്ചു. ഒരു മഹാ നുണയാണ് അദ്ദേഹം പറഞ്ഞത്. എംപി അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി യാതൊരു വസ്തുതയുമില്ലാത്ത ഒരു ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. എന്റെ മകനുമായി ബന്ധപ്പെടുത്തി ഒരു സംഘര്‍ഷമുണ്ടായെന്നാണ് പറയുന്നത്.

എന്റെ മകന്‍ 2019 ല്‍ എന്നല്ല വേങ്ങമല ക്ഷേത്രത്തിലെ ഒരു ഉത്സവത്തിലും ഇതുവരെ പങ്കെടുക്കാന്‍ പോയിട്ടില്ല. എനിക്ക് രണ്ട് ആണ്‍ മക്കളാണ് ഉള്ളത്. ഏത് മകനേയാണ് ഉദ്ദേശിച്ചത് എന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ആരുമായാണ് സംഘര്‍ഷമുണ്ടായതെന്ന് പറഞ്ഞിട്ടില്ല.
അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന് പറയുന്നപോലെയാണ് ഇത്. എംപി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പുകമുറ സൃഷ്ടിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കുന്ന ആരോപണമാണ് ഇത്- ഡികെ മുരളി പറ‍ഞ്ഞു.

കൊലപാതകത്തില്‍ ഗൂഢാലോചന നടത്തുകയും വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ പൊതുപ്രവര്‍ത്തകരായ തങ്ങളുടെ കുടുംബാംഗങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡികെ മുരളി പറഞ്ഞു.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡികെ മുരളിയുടെ മകനുമായുണ്ടായ സംഘര്‍ഷമാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം. ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ അടൂര്‍ പ്രകാശ് ഇടപെട്ടതായുള്ള ശബ്ദരേഖയടക്കം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എംപിയുടെ ഈ ആരോപണം.

Anweshanam
www.anweshanam.com