കേന്ദ്രമന്ത്രി വി മുരളീധരന് മൂത്ത കേരളവിരോധമെന്ന് ദേശാഭിമാനി മുഖപ്രസംഗം
Kerala

കേന്ദ്രമന്ത്രി വി മുരളീധരന് മൂത്ത കേരളവിരോധമെന്ന് ദേശാഭിമാനി മുഖപ്രസംഗം

വിദേശമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ഏറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാല്‍, ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു

Thasneem

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ (എം) മുഖപത്രമായ ദേശാഭിമാനി ദിനപത്രം. 'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്’ എന്ന തലക്കെട്ടോടെയാണ് രൂക്ഷഭാഷയിലുള്ള മുഖപ്രസംഗം. വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്‍റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിവരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഈ വിരോധത്തിന് കാരണം? ഒരു നല്ല വാക്കുപോലും കേരളത്തിന്‍റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നു കരുതി സമാധാനിക്കുകയേ വഴിയുള്ളുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍നിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാന്‍ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ലമെന്‍ററികാര്യം, വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് മുരളീധരന്‍. പാര്‍ലമെന്‍റില്‍ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ലെന്നും പത്രം വിമര്‍ശിക്കുന്നു.

വിദേശമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ഏറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ പ്രത്യേകിച്ചും. എന്നാല്‍, ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Anweshanam
www.anweshanam.com