
തിരുവനന്തപുരം: തനിക്കെതിരായ വ്യാജപ്രചരണത്തിൽ മലയാളം വാർത്ത ചാനലിന് എതിരെ വക്കീൽ നോട്ടീസ് അയച്ചതായി ശശി തരൂർ എംപി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. ആറ് പേജുള്ള വക്കീൽ നോട്ടീസിെൻറ പകർപ്പും പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തി അസത്യ പ്രചരണം നടത്തിയതായാണ് എം.പി ആരോപിക്കുന്നത്. കൈരളി ചാനലിനെതിരായാണ് വക്കീൽ നോട്ടീസ്. രാഷ്ട്രീയ വിേദ്വഷം കാരണം ചാനൽ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചതായും എം.പി ഫേസ്ബുക്കിലെ കുറിപ്പിൽ പറഞ്ഞു.
വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂര്‍ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്തു എന്ന നിലയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.