ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറി:ചുഴലിക്കാറ്റിന് സാധ്യത

കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറി:ചുഴലിക്കാറ്റിന് സാധ്യത

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 10 കിമീ വേഗത്തിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.

അടുത്ത 24 മണിക്കൂറിൽ ഇത്‌ കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിനെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ‌ പറഞ്ഞു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ യോ​ഗം ചേർന്ന് മുൻകരുതൽ നടപടികൾ വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്താനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com