എന്‍ട്രന്‍സ് പരീക്ഷക്ക് തിക്കും തിരക്കും; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വന്‍ ജനാവലി
Kerala

എന്‍ട്രന്‍സ് പരീക്ഷക്ക് തിക്കും തിരക്കും; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വന്‍ ജനാവലി

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്തിപ്പില്‍ അധികാരികളുടെ വന്‍ വീഴ്ച. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വന്‍ ജനക്കൂട്ടമാണ് ഓരോ പരീക്ഷ കേന്ദ്രത്തിനു മുന്നിലും കാണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ജനങ്ങള്‍ എത്തി.

ത്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിലെ പരീക്ഷ കേന്ദ്രങ്ങളില്‍ വന്‍ തിരക്കായിരുന്നു. ദിനംതോറും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജനങ്ങള്‍ അശ്രദ്ധമായ പെരുമാറ്റം വന്‍ വിപത്തിലേക്ക് തള്ളി വിടും.

കേരള എൻജിനീയറിംഗ്, ഫാർമസി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഇന്ന് നടന്നത്. സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ഫാർമസി എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് ഇന്നലെ പറഞ്ഞിരുന്നു.

യാത്രാനിയന്ത്രണവും കണ്ടൈൻമെന്‍റ് സോണുകളും ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത്രയും പേർ വരുമ്പോൾ പരീക്ഷ സെന്ററുകളിൽ ആൾക്കൂട്ടമുണ്ടാകും. വിദ്യാർഥികളോടൊപ്പം മാതാപിതാക്കളും പരീക്ഷ സെന്ററിലെത്തും. സമൂഹവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com