ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ട; രാജിയെന്ന് സിപിഎം ജില്ലാകമ്മിറ്റി

സംസ്ഥാന കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മറ്റി വിലയിരുത്തി
ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ട; രാജിയെന്ന് സിപിഎം ജില്ലാകമ്മിറ്റി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിൽ, കോൺഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നിർദ്ദേശം. സംസ്ഥാന കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മറ്റി വിലയിരുത്തി.

പാർട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകൾ തിരുത്തപ്പെടണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഇത് പ്രചരണ ആയുധമാക്കാൻ ശ്രമിക്കുന്നതായും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് നല്‍കിയ പിന്തുണയാണ് പാര്‍ട്ടി വേണ്ടെന്ന് വയ്ക്കുന്നത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇത്തവണ ഇവിടെ ഇല്ലായിരുന്നു.

കഴി‍ഞ്ഞതവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിയ്ക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ് പ്രസിഡന്‍്റ് സ്ഥാനം. എല്‍ഡിഎഫിലും ബിജെപിക്കും പട്ടിക ജാതി വനിത പ്രതിനിധികളുണ്ട്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്ക്ക് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com