മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ച് സിപിഎം
Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ച് സിപിഎം

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റചട്ടം കര്‍ശനമാക്കാനാണ് തീരുമാനം

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് സിപിഎം. വ്യാഴാഴ്ചയാണ് യോഗം ചേരുക. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റചട്ടം കര്‍ശനമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും യോഗത്തില്‍ പങ്കെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. നേരത്തെ കൃത്യമായ നിയന്ത്രണം പാര്‍ട്ടിക്ക് സ്റ്റാഫിനു മേല്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് അത്തരമൊരു നിയന്ത്രണം കുറഞ്ഞുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.

സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കി എന്ന വിമര്‍ശനം പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.

വിവിധ കൺസൾട്ടൻസികൾക്ക് കരാര്‍ ഏൽപ്പിക്കുന്നതിലടക്കം ചട്ടലംഘനം കണ്ടെത്തിയതിന് പുറമെ പാര്‍ട്ടി നയങ്ങളും നിലപാടുകളും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസിൽ എം ശിവശങ്കറിനെതിരെ ഉയര്‍ന്ന ആക്ഷേപവും അന്വേഷണങ്ങളും സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം, ഇടതുമുന്നണി യോഗം അടുത്തയാഴ്ച ചേരാന്‍ തീരുമാനമായി. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സി.പി.എം-സി.പി.ഐ ആശയവിനിമയത്തെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന് മേല്‍ ഉയരുന്ന വിവാദങ്ങളുടെ മേല്‍ സി.പി.ഐയ്ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. ഇന്നലെ പാര്‍ട്ടി മുഖപത്രത്തില്‍ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Anweshanam
www.anweshanam.com