
പാലക്കാട്: സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കുടുംബാരോഗ്യകേന്ദ്ര ഉദ്ഘാടനം ചെയ്യേണ്ട എംഎൽഎയെ തഴഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വം. തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെയാണ് സിപിഎം നേതൃത്വം തഴഞ്ഞത്. തൃത്താല മേഖലയില്‍ കപ്പൂര്‍, പട്ടിത്തറ, പരുതൂര്‍ പഞ്ചായത്ത് പരിധികളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നിർദേശപ്രകാരം എല്ലായിടത്തും മുഖ്യാതിഥി അതാത് പ്രദേശങ്ങളിലെ എംഎല്‍എയാണ്. കപ്പൂര്‍ പറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ എത്തിയതോടെ ഉദ്ഘാടനവേളയില്‍ സംബന്ധിച്ചിരുന്ന കപ്പൂര്‍ പഞ്ചായത്ത് പ്രസിഡൻറും കൂട്ടരും സ്ഥലം കാലിയാക്കി. അൽപസമയത്തിന് ശേഷം എംഎല്‍എ വേദി വിട്ടതോടെ സ്ഥലംവിട്ട പ്രസിഡൻറും സംഘവും വേദിയിലെത്തുകയും ചെയ്തു.
എന്നാല്‍, തൃത്താല മണ്ഡലത്തിലെ തന്നെ ആനക്കരയില്‍ എത്തിയ എംഎല്‍എയോടൊപ്പം അവിടത്തെ സിപിഎം പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ശിലാഫലകത്തില്‍ മുഖ്യാതിഥിയായി ബല്‍റാമിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി മേഖലയില്‍ പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബഹിഷ്കരണംമൂലം എവിടെയും നടന്നിരുന്നില്ല.