
തൃശൂർ: റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാന്റിൽ. കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാന്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. അന്വേഷണം വേണമെന്നും ചേർപ്പ് സിഐ ഷിബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
കഴിഞ്ഞ 27 ന്ന് രാത്രിയാണ് സംഭവം. കരുവന്നൂർ ചെറിയ പാലത്തിന് സമീപം തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഹാരിസിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ ചിഹ്നം വരച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന്റെ പേരിൽ 14 ദിവസം റിമാന്റിലാണ് ഹാരിസ്.
അതേസമയം, കത്രിക ഉപയോഗിച്ച് റോഡിൽ വരച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. കത്രിക ഉപേയാഗിച്ച് റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. എന്നാൽ, കത്രിക ഉപയോഗിച്ചല്ല റോഡിൽ വരച്ചതെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.