മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല: സിപിഐഎം

അങ്ങനെ ഒരു കാര്യം അജണ്ടയില്‍ പോലുമില്ലെന്നും സിപിഐഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.
മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല: സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്‌തെന്ന പേരില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയന്‍ രാജിവെക്കില്ലെന്ന് സിപിഐഎം. ഒരു കാരണവശാലും മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അങ്ങനെ ഒരു കാര്യം അജണ്ടയില്‍ പോലുമില്ലെന്നും സിപിഐഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

120 ദിവസമായി പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. അതില്‍ ഇപ്പോള്‍ ഒരു പുതുമയുമില്ല. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മടിയില്‍ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല.

സ്വര്‍ണക്കടത്ത് പ്രശ്‌നം ഉയര്‍ന്നുവന്ന ആദ്യഘട്ടത്തില്‍ തന്നെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി. കൃത്യമായ വിവരം വന്നപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരുമായി അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ബന്ധവുമില്ല.

പിന്നെ ധാര്‍മികമായ ഉത്തരവാദിത്തത്തെ കുറിച്ച് പറയുകയാണെങ്കില്‍ ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമല്ലോ. ഐപിഎസ്- ഐഎഎസ് എന്നത് കേന്ദ്രകേഡര്‍ ആണ്. ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നതൊക്കെ കോടതിയില്‍ നിന്നും വരട്ടെ. അതില്‍ ഉത്കണ്ഠയില്ല. പുതിയ പുതിയ ആരോപണങ്ങളും വാര്‍ത്തകളും അതില്‍ നിന്നും വരുന്ന മൊഴികളും അറസ്റ്റും എല്ലാം നടക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അത് ആയുധമാക്കിയിരുന്നില്ലെ എന്ന ചോദ്യത്തിന് അതിനൊക്കെ അന്നും മറുപടി തന്നിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com