'പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ട് കെട്ടി'; കാനം രാജേന്ദ്രന് എതിരെ സിപിഐയില്‍ വിമര്‍ശനം

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിർത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമർശനം
'പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ട് കെട്ടി'; കാനം രാജേന്ദ്രന് എതിരെ സിപിഐയില്‍ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ കാനം രാജേന്ദ്രന് വിമർശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം നേതൃത്വം പാർട്ടിയെ എകെജി സെന്‍ററില്‍ കൊണ്ടു കെട്ടിയെന്ന് വിമർശനമുയർന്നു.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിർത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമർശനം. സ്വർണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മിന് സഹായകമാകുന്നത് രീതിയിലാണ് സിപിഐ നേതൃത്വം നിലകൊണ്ടത്.

നയപരമായ വിഷയങ്ങളിൽ അടക്കം തിരുത്തൽ ശക്തിയായി നിന്ന സിപിഐ ഇപ്പോൾ സിപിഎമ്മിന് വിധേയപ്പെടുന്നതിലാണ് വിമർശനം.

കൊല്ലത്ത് പി എസ് സുപാലിനെ മാത്രം സസ്‌പെന്‍ഡ് ചെയ്തതിനെതിരെ മന്ത്രി വി എസ് സുനിൽകുമാർ രംഗത്തെത്തി. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനം രാജേന്ദ്രന്റെ സമീപനം ശരിയല്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി.

സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു എന്നാല്‍ ആര്‍ രാജേന്ദ്രന് താക്കീതാണ് നല്‍കിയത്. കൊല്ലം ജില്ലാ നിര്‍വാഹക സമിതിയില്‍ രണ്ടു പേരും നേര്‍ക്കുനേര്‍ പോര്‍വിളി നടത്തിയെന്നായിരുന്നു ആരോപണം.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐ രേഖപ്പെടുത്തിയത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും തണ്ടർബോൾട്ടിന്‍റെ ആവശ്യം ഇപ്പോൾ സംസ്ഥാനത്തില്ലെന്നും പ്രമേയത്തിൽ സിപിഐ വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കി നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് സിപിഐ ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com