കോവിഡ് പ്രതിരോധത്തിൽ നമുക്ക് പിഴച്ചിട്ടില്ലെന്ന് ഇനിയും പറയാമോ ?

നിർഭാഗ്യവശാൽ നിലവിലെ പ്രവർത്തനങ്ങൾ അത്ര ശക്തമല്ല എന്ന് മാത്രമല്ല മുൻപെടുത്ത പല തീരുമാനങ്ങളും തെറ്റി പോയി എന്നും വേണം മനസിലാക്കാൻ
കോവിഡ് പ്രതിരോധത്തിൽ നമുക്ക് പിഴച്ചിട്ടില്ലെന്ന്  ഇനിയും പറയാമോ ?

ദിനംപ്രതി ആയിരം രോഗികൾ എന്ന എണ്ണത്തിലേക്കാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകൾ നിലവിൽ എത്തി നിൽക്കുന്നത്. മരണം 50 പിന്നിട്ടു. വരും ദിവസങ്ങളിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയരും എന്നാണ് വിദഗ്‌ധാഭിപ്രായം. നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സന്ദർഭമാണിത്. എന്നാൽ നിർഭാഗ്യവശാൽ നിലവിലെ പ്രവർത്തനങ്ങൾ അത്ര ശക്തമല്ല എന്ന് മാത്രമല്ല മുൻപെടുത്ത പല തീരുമാനങ്ങളും തെറ്റി പോയി എന്നും വേണം മനസിലാക്കാൻ. ഈ സന്ദർഭത്തിലും നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങൾ പരസ്‌പര പോരിനാണ് സമയം ചെലവഴിക്കുന്നത്.

സി എസ് ജോർജ്ജ് ചെഞ്ചേരിൽ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് കോവിഡ് പ്രതിരോധത്തിൽ നമുക്ക് പറ്റിയ വീഴ്ചകളെ തുറന്നുകാട്ടുന്നുണ്ട്. നമുക്ക് പറ്റിയ വീഴ്ച്ചകളെ നാം മനഃപൂർവം മറക്കുന്നുണ്ട്. എന്നാൽ ആ മറവി വരും ദിവസങ്ങളിൽ കൂടുതൽ വീഴ്ചകൾക്ക് കാരണമാകുമെന്ന് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിപക്ഷം രോഗം പരത്താൻ ശ്രമിച്ചു എന്ന് പറയുന്ന ഭരണപക്ഷം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളെ മറച്ചു പിടിക്കുന്നു.

സി എസ് ജോർജ്ജ് ചെഞ്ചേരിൽ എഴുതിയ കുറിപ്പ് വായിക്കാം

സുരക്ഷ അവബോധങ്ങളെക്കുറിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചതു കൊണ്ടാണ് കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ കണ്ടുപിടുത്തം. നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളെ ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് മുടിവയ്ക്കാനാവുമോ.

ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ടക്കാര്‍ ഉണ്ടാക്കാന്‍ പോകുന്ന രോഗവ്യാപനത്തെക്കുറിച്ച് എന്തെല്ലാം ആശങ്കകളായിരുന്നു നമുക്ക്. അവരുമായി നേരിട്ട് ഇടപെട്ട നിരവധിപേരെ നിരീക്ഷണത്തിലാക്കിയിരുന്നു. അവരുമായി വളരെ അടുത്തു ഇടപഴകിയ ഏതാനും പേരിലേക്ക് മാത്രമായിരുന്നു രോഗവ്യാപനം ഉണ്ടായത്. രോഗബാധിതനായ ഇടുക്കിയിലെ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടാക്കാന്‍ പോകുന്ന രോഗവ്യാപനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രകടിപ്പിച്ച ഉല്‍ക്കണ്ഠ നമ്മള്‍ കണ്ടതായിരുന്നല്ലോ. എവിടെ നിന്നാണ് തനിക്കി രോഗം പകര്‍ന്നു കിട്ടിയതെന്നറിയാത്ത അദ്ദേഹവുമായുള്ള സമ്പര്‍ക്കം മൂലം രണ്ടോ മൂന്നോ പേര്‍ക്കാണ് രോഗബാധയുണ്ടായത്.

പ്രതിപക്ഷ നേതാക്കള്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ മുഖ്യമന്ത്രി പലപ്പോഴും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ പല സന്ദര്‍ഭങ്ങളിലും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്നത് അദ്ദേഹം കണ്ടതായി പോലും നടിച്ചില്ല. ടി.പി.കൊലക്കേസിലെ പ്രതിയായിരുന്ന കുഞ്ഞനന്തന്‍റെ മൃതസംസ്കാരത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരങ്ങള്‍ ഒത്തുകൂടിയതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചതായി കണ്ടില്ല. പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷവും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തി എന്ന വസ്തുത നിഷേധിക്കാനാവുമോ.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേയും കേരളത്തിലേയും ഇപ്പോഴത്തെ രോഗവര്‍ദ്ധനയുടെ ഒന്നാമത്തെ കാരണം ലോക്ഡൗണ്‍ കാലത്തു ചെയ്യേണ്ടിയിരുന്ന പലതും നാം പിന്നീടാണ് ചെയ്തത് എന്നതാണ്. 21ദിവസത്തെ `മഹാഭാരതയുദ്ധ'ത്തിലൂടെ കോവിഡിനെ കെട്ടുകെട്ടിക്കാം എന്ന തെറ്റിദ്ധാരണയിലായിരുന്നു നാം. അതുകൊണ്ട് നാലുമണിക്കുര്‍ ഇടവേള നല്‍കി പ്രഖ്യാപിച്ച ലോക്ഡൗണില്‍ എല്ലാവരും നില്‍ക്കുന്നിടത്തു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാവരും ഏറ്റുപാടി.

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ നമ്മളെല്ലാം വലിയ പാതകമായി ചിത്രീകരിച്ചു. യഥാര്‍ത്ഥത്തില്‍ അവരന്നാവശ്യപ്പെട്ടതുപൊലെ, അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ആഗ്രഹിച്ചവരെ ലൗക്ഡൗണിന്‍റെ തുടക്കത്തില്‍ തന്നെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായതു പോലുള്ള രോഗവ്യാപനം ഉണ്ടാകുമായിരുന്നില്ലെന്നു മാത്രമല്ല, അവരനുഭവിച്ച ദുരിതങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം ഉണ്ടാവുകയും ചെയ്യുമായിരുന്നു. വിദേശത്ത് ജോലിചെയ്യുന്നവരേയും ആ സമയത്തുതന്നെ കൊണ്ടുവന്നിരുന്നെങ്കില്‍ ലോക്ഡൗണ്‍ കാലത്ത് അവരെല്ലാം ക്വാറന്‍റൈനില്‍ ഇരിക്കുമായിരുന്നു.

വേണ്ടത്ര തയ്യാറെടുപ്പുകളോ പര്യാലോചനകളോ ഇല്ലാതെ പോയതിനാലാണ് ലോക്ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകാതിരുന്നത്. ലോക്ഡൗണിനു ശേഷം മലയാളികളുടെ തിരിച്ചുവരവ് കേരളത്തില്‍ രോഗവ്യാപനത്തിനു ഇടയാക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷമേ അവരെ കൊണ്ടുവരാവൂ എന്ന നിര്‍ദ്ദേശമൊക്കെ വലിയ വിവാദമാകുകയും ചെയ്തു. പക്ഷേ, വരുമ്പോഴുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നവരും പീന്നീടു രോഗബാധിതരായി മാറുന്ന സഥിതിവിശേഷത്തില്‍ അത്തരം നിബന്ധനകളൊന്നും ഫലവത്താകില്ലെന്നു മനസിലാക്കാം. വെളിയില്‍ നിന്നു വന്ന പലരും നിരീക്ഷണ കാലയളവില്‍ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതും ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണമായിട്ടുണ്ടാകാം.

14 ദിവസം നിരീകഷണത്തിലിരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന നടത്താതെ അവരെ വിടുന്ന സമീപനവും രോഗവ്യാപനത്തിനു നിമിത്തമായിട്ടില്ലേ. പലര്‍ക്കും 28-30 ദിവസം കഴിഞ്ഞും രോഗമുണ്ടായെന്നതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും രോഗവാഹകരായി മാറാറുണ്ടെന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ നിരീക്ഷണ കാലാവധി കഴിഞ്ഞവരെ പരിശോധന നടത്താതെ വിടുന്നതും രോഗം വ്യാപിക്കുന്നതിനു കാരണമായിട്ടുണ്ടാവാം. പല പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെയുണ്ടാവുന്ന രോഗവ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവും അന്യദേശങ്ങളില്‍ നിന്നുള്ളവരുടെ മടങ്ങിവരവു കൊണ്ടു മാത്രം ഉണ്ടായതാണെന്ന് പറയാനാവില്ല.

ഒരാഴ്ചയില്‍ താഴെയുള്ള കാലയളവില്‍ കേരളത്തിലേക്ക് തൊഴിലുമായി ബന്ധപ്പട്ടോ മറ്റാവശ്യങ്ങള്‍ക്കോ വരുന്നവര്‍ക്കു കാര്യമായ പരിശോധനകള്‍ വേണ്ടെന്ന സര്‍ക്കാരിന്‍റെ നിലപാടുകളും ഈ രോഗ വ്യാപനത്തിനു കാരണമായിട്ടുണ്ടാകാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ചരക്കുകളുമായി വരുന്നവരിലൂടെയുള്ള സമ്പര്‍ക്കങ്ങളും ഇതിനിടയാക്കിയിട്ടുണ്ട്. മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് രോഗവ്യാപനം ഉണ്ടായത് അതുകൊണ്ടാണല്ലോ. ചരക്കുകളുമായി ബന്ധപ്പെട്ടു വരുന്നവരുടെ കാര്യത്തിലുണ്ടായ ജാഗ്രത കുറവിന്‍റെ പ്രതിഫലനം കൂടിയാണിത്. വിപുലമായ പരിശോധനകള്‍ നടത്താതിരുന്നതിനാല്‍ നമ്മുടെ ഇടയിലുണ്ടായ രോഗവ്യാപനം തിരിച്ചറിയാതെ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ പോയി നിരീക്ഷണത്തിലിരുന്ന പലര്‍ക്കും രോഗബാധ ഉണ്ടായെന്ന വസ്തുത ഇതിന്‍റെ സൂചനയല്ലേ.

എന്തായാലും ഇപ്പോഴാണ് നാം ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്. അതോടെ രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായി. ഭരണ -പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പകരം നമ്മുടെ കോവിഡ് പ്രതിരോധത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് അതിനെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്.

പ്രതിരോധം ദ്രുതഗതിയിൽ എടുക്കേണ്ട സമയമാണിത്. പാഴാക്കി കളയാൻ ഒരു നിമിഷമില്ല. വൈകുന്ന ഓരോ നിമിഷവും കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കും. പക്ഷേ ഈ നിമിഷവും നടക്കുന്നത് ഭരണപക്ഷ - പ്രതിപക്ഷ പോരാണ് എന്നത് ആശങ്കയോടെ കാണേണ്ടതാണ്.

Related Stories

Anweshanam
www.anweshanam.com