നിളയുടെ തീരത്തെ തണലിൽ ദൈവത്തിന്റെ മക്കൾ
Kerala

നിളയുടെ തീരത്തെ തണലിൽ ദൈവത്തിന്റെ മക്കൾ

ദിവസങ്ങളോളം തങ്ങളുടെ വീടും ഉറ്റവരെയും വിട്ട് മുഴുവൻ സമയ തിരക്കിലാണ് ഓരോ ആരോഗ്യ പ്രവർത്തകരും. തിരക്കുകൾക്കിടയിൽ കൃത്യമായി വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഇവർക്ക് സമയം പോലും കിട്ടാറില്ല

By M Salavudheen

Published on :

കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നപ്പോൾ അതിനെതിരെയുള്ള തുടർച്ചയായ പോരാട്ടത്തിലാണ് ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർ. കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. ദിവസങ്ങളോളം തങ്ങളുടെ വീടും ഉറ്റവരെയും വിട്ട് മുഴുവൻ സമയ തിരക്കിലാണ് ഓരോ ആരോഗ്യ പ്രവർത്തകരും. തിരക്കുകൾക്കിടയിൽ കൃത്യമായി വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഇവർക്ക് സമയം പോലും കിട്ടാറില്ല. അത്തരത്തിലുള്ള ഒരു നഴ്‌സിന്റെയും 108 ആംബുലൻസ് ഡ്രൈവറെയും കണ്ട അനുഭവം പങ്കുവെക്കുകയാണ് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് മെമ്പറുമായ കെ ടി സിദ്ധീഖ്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ, കുറ്റിപ്പുറം - തിരൂർ റോഡിന് സമീപം, ഭാരതപ്പുഴയുടെ തീരത്തെ മരച്ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ട് ആരോഗ്യ പ്രവർത്തകരെ കണ്ട അനുഭവമാണ് കെ ടി സിദ്ധീഖ് ഫേസ്ബുക്ക് വഴി പങ്കുവെച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കുറ്റിപ്പുറം ടൗണിലേക്ക് പോകുന്ന വഴിയാണ് പുഴയുടെ സംരക്ഷണ മതിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ആരോഗ്യപ്രവർത്തകരായ പത്തനംതിട്ട സ്വദേശിനി ദൃശ്യയെയും ആലപ്പുഴ സ്വദേശി അനൂപിനേയും കാണുന്നത്.

'ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തെത്തി എന്നെ പരിചയപ്പെടുത്തി. ഒരു മാലഖയും മറ്റൊന്ന് ദൈവ പുത്രനും. എവിടെ ന്നാ വരുന്നെന്ന ചോദ്യത്തിന് തിരൂരിൽ നിന്നാണെന്ന് പറഞ്ഞു. എവിടെയാ ഡ്യുട്ടി പോയന്റ് എന്ന് ചോദിച്ചപ്പൊൾ മാറഞ്ചേരിയിലാണെന്നും പക്ഷെ അവിടെ എപ്പഴാ എത്തുക എന്നൊന്നും നിശ്ചയമില്ല. വിളി വന്നു കൊണ്ടേ ഇരിക്കാണെന്നും പറഞ്ഞു. തിടുക്കപ്പെട്ടാണ് അവർ ഭക്ഷണം കഴിക്കുന്നത്' - കെ ടി സിദ്ധീഖ് പറയുന്നു.

കെ ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവർ ദൈവത്തിന്റെ മക്കൾ

കുറ്റിപ്പുറം ടൗണിൽ എന്നേയും കാത്ത് ഡിവിഷനുള്ള ഒരാൾ നിൽപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ അൽപ്പം വേഗതയിലായിരുന്നു യാത്ര. സമയം ഉച്ചക്ക് 2.10 കഴിഞ്ഞിരിക്കുന്നു ചെമ്പിക്കൽ പുതിയകടവിനുചാരെ ഒരു 108 ആംബുലൻസ് നിർത്തിയത് ശ്രദ്ധയിൽപ്പെട്ടു ഞാൻ കാറ് പതുക്കെയാക്കി അതിലേക്ക് നോക്കി ആരുമില്ല. ഞാൻ മുമ്പോട്ട് നീങ്ങിയപ്പോഴതാ ഭാരതപുഴയുടെ സംരക്ഷണമതിലിന്റെ അര ഭിത്തിയിലിരുന്നു രണ്ട് പേർ ഭക്ഷണം കഴിക്കുന്നു.. അപ്പോഴേക്കും ഞാൻ കുറച്ച് മുമ്പോട്ട് നീങ്ങിയിരുന്നു. വണ്ടി തിരിച്ച് അവരുടെ അടുത്തെത്തി വണ്ടിയിൽ കുറച്ച് നേരം അവരെ തന്നെ നോക്കിയിരുന്നു. കീശയിൽ നിന്നും മുബൈൽ ഫോൺ എടുത്തു അവരുടെ ആ ഇരുത്തം ക്യാമറയിൽ പകർത്തി .. ശബ്ദം കേട്ടത് കൊണ്ടോ എന്തൊ പെട്ടെന്ന് അവർ എന്നെ കണ്ടു. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തെത്തി എന്നെ പരിചയപ്പെടുത്തി. ഒരു മാലഖയും മറ്റൊന്ന് ദൈവ പുത്രനും. എവിടെ ന്നാ വരുന്നെന്ന ചോദ്യത്തിന് തിരുരിൽ നിന്നാണെന്ന് പറഞ്ഞു. എവിടെയാ ഡ്യുട്ടി പോയന്റ് എന്ന് ചോദിച്ചപ്പൊൾ മാറഞ്ചേരിയിലാണെന്നും പക്ഷെ അവിടെ എപ്പഴാ എത്തുക എന്നൊന്നും നിശ്ചയമില്ല... വിളി വന്നു കൊണ്ടേ ഇരിക്കാണെന്നും പറഞ്ഞു. തിടുക്കപ്പെട്ടാണ് അവർ ഭക്ഷണം കഴിക്കുന്നത്. സംസാരത്തിനിടക്ക് ഞാൻ രണ്ടാളുടെയും പേര് ചോദിച്ചു. മാലാഖയുടെ പേര് ദൃശ്യ. -പത്തനംതിട്ടയാണ് വീട് മറ്റേയാൾ അനുപ് ആലപ്പുഴക്കാരനും ..ഞാൻ റോഡരികിൽ നിശബ്ദ്ധമായ് നിൽക്കുന്ന ആംബു ലെൻസിലേക്കും ഈ ചീനി മരച്ചുവട്ടിലെ ആ രണ്ട് മനുഷ്യ ജീവനേയും മാറി മാറി നോക്കി. അവർ ആസ്വദിച്ച് കഴിക്കുകയാണ്.പലതും സംസാരിക്കുന്നുണ്ട്. പക്ഷെ ആ രണ്ട് മുഖങ്ങളിലും തെല്ലും പേടിയോ ..ജോലിയോടുള്ള മടുപ്പോ പ്രകടമായിരുന്നില്ല. ഈ മഹാമാരിയുടെ കാലം .. സ്വന്തം അച്ചനോട് നാട്ടിലേക്ക് വരരുതേ എന്ന് കെഞ്ചി പറയുന്ന മക്കൾ., ആരുടെയൊക്കെയൊ കാരുണ്യം കൊണ്ട് നാട്ടിലെത്തിയപ്പോൾ തനിക്ക് മുമ്പിൽ കൊട്ടിയടക്കപെട്ട വാതിൽ നോക്കി കരഞ്ഞ പ്രവാസി. അകത്തിരിക്കുന്ന മനുഷ്യ ദേഹത്തിന് കുടിനീര് നൽകിയതിന്റെ പേരിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട സമൂഹം .. കുഴിമാടത്തിലേക്കു പോലും കരുണയില്ലാതെ വലിച്ചെറിയുന്ന ഈ ലോകത്ത് ... തന്റെ ആരു മാരും അല്ലന്ന് അറിഞ്ഞിട്ടും മറ്റുള്ളവർക്കായ് സ്വജീവൻ ഉഴിഞ്ഞ് വെച്ച് കർട്ടനു പിന്നിൽ അഭിമാനത്തോടെ നിൽക്കുന്ന കേരളത്തിന്റെ ആരോഗ്യ പ്രതിക്ഷകളെ നിങ്ങളാണ് ദൈവം ,നിങ്ങൾ ചെറുപ്പമാണ് .. സ്വപ്നങ്ങൾ മൊട്ടിട്ട് തുടങ്ങുന്ന പ്രായമാണ്. അകലെ പ്രാർത്ഥനയോടെ കാത്തിരിക്കാൻ മാതാപിതാക്കൾ കാണും. ഒരു പക്ഷെ വിവാഹിതരായിരിക്കും .പറഞ്ഞ് തീരാത്ത പാതിയും കൊഞ്ചിച്ച് കൊതിതീരാത്ത കുരുന്നുകൾ ഉണ്ടാകും .എന്ത് മാകട്ടെ ആ കുടിലിൽ നിങ്ങളെ ഓർത്ത് ഉരുകി തീരുന്നവരോട് പറയണം., അവർ പുണ്യം ചെയ്തവരാണെന്ന്. അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഈ മനുഷ്യസമൂഹം മുഴുവൻ അവർക്ക് വേണ്ടി മനമുരുകുകയാണെന്ന് ,,, നിങ്ങളെയോർത്ത് അഭിമാനം കൊള്ളുകയാണ്. ,, രാവും പകലുംമില്ലാതെ മഴയും വെയിലും വകവെക്കാതെ. നേരാംവണ്ണം ഭക്ഷണമൊ .. ഉറക്കമോ ഇല്ലാതെ മനുഷ്യ ശരീരത്തിലെ അവസാന ഹൃദയമിടിപ്പിനായ് എല്ലാം മറന്ന് നിങ്ങൾ പായുമ്പോൾ ആ കണ്ണുകൾ ഇമവെട്ടാതിരിക്കാൻ ,,, ആ കൈകൾ വിറക്കാതിരിക്കാൻ ... നിങ്ങളുടെ സഞ്ചാര പാത സുഖകരമാകാൻ ഉള്ളുരുകി ഞങ്ങളുണ്ട് ..അദൃശ്യമായ് നിങ്ങളോടൊപ്പം,,,, നാളെ നിങ്ങളുടേതാണ്.,,തീർച്ച.

Anweshanam
www.anweshanam.com