കൊറോണ വൈറസിന് ജനിതകമാറ്റം; യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നെത്തിയവർക്ക് പരിശോധന കർശനം

വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്താൻ സ്രവം പുനെ വൈറോളജി ലാബിലയച്ച് പരിശോധിക്കും
 
കൊറോണ വൈറസിന് ജനിതകമാറ്റം; യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നെത്തിയവർക്ക് പരിശോധന കർശനം

തിരുവനന്തപുരം: കഴിഞ്ഞ 14 ദിവസത്തിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കോവിഡ് പിസിആര്‍ പരിശോധന നടത്തും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിനിടെ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്നോണമാണ് നടപടി. വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്താൻ സ്രവം പുനെ വൈറോളജി ലാബിലയച്ച് പരിശോധിക്കും. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം .

70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്തെത്തിയാല്‍ ഗുരുതര പ്രതിസന്ധിയുണ്ടാകും. രോഗം വലിയതോതില്‍ പടരും. ചികിത്സപോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാകും. പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരുന്നവരെ അപ്പോള്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. ശേഷം14 ദിവസം നിരീക്ഷണം. ഇക്കാലയളവില്‍ രോഗലക്ഷണമുണ്ടായില്ലെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം.

ഒമ്പതാം തിയതി മുതല്‍ 23-ആം തിയതി വരെ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളും സംസ്ഥാനത്ത് രോഗ വ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കൂടുതല്‍പേരെ ചികിത്സിക്കാൻ ആശുപത്രികളും പ്രാഥമിക ചികില്‍സ കേന്ദ്രങ്ങളും കൂടുതല്‍ സജ്ജമാക്കും. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും മരണ നിരക്ക് കുറച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com